സ്പാര്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?

സ്പാര്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?

കഴിഞ്ഞ കുറച്ചു നാളുകളായി മാത്സ് ബ്ലോഗിനു ലഭിക്കുന്ന മെയിലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്പാര്‍ക്ക് വഴിയുള്ള ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങനെ എന്ന ചോദ്യമായിരുന്നു. ഇതേക്കുറിച്ചുള്ള വിശദീകരണമാണ് മുഹമ്മദ് സാര്‍ തയ്യാറാക്കി മാത്സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ. ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ പ്രതിപാദിക്കുന്ന പോസ്റ്റ് ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി അറിയിക്കുമല്ലോ.

1) Bill Type കളുടെ എണ്ണമനുസരിച്ച് “Accounts” ല്‍ ആവശ്യമുള്ളത്ര Head of Account കള്‍ സെറ്റ് ചെയ്യുക. Salary ബില്ലിന് 01 എന്നും Wages ബില്ലിന് 02 എന്നും Objective Head നല്‍കണം. Sub Sub Head, Object Head എന്നിവ 00 ആയും BE, Recovery, Expense എന്നിവ ‘0‘ ആയും സെറ്റ് ചെയ്യണം.
എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക് (ഓഫീസുകള്‍)
SDO ബില്ലുകള്‍ക്ക് (സ്വയം ശംബളം എഴുതി വാങ്ങുന്നവര്‍)
2)എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക്, Salary Matters ല്‍ Estt. Bill Type തെരഞ്ഞെടുത്ത് ഓരോ Bill Type കളുടെയും Head of Account മുകളില്‍ പറഞ്ഞ പ്രകാരം Head Codes ല്‍ സെറ്റ് ചെയ്തത് പോലെ തന്നെയാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് ശരിയാക്കുക.
3)SDO മാര്‍ താഴെ കാണുന്ന വിധം, Head Codes ല്‍ സെറ്റ് ചെയ്ത പ്രകാരം തന്നെ Present Salary Details ല്‍ Head Description സെറ്റ് ചെയ്യുക.
[Bill Type ലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടാത്ത പക്ഷം എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കാനാവില്ല. അത് പോലെ Present Salary യിലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ SDO ബില്ലുകളും തയ്യാറാക്കാന്‍ സാധിക്കില്ല.] 4) ബില്ലുകള്‍ പ്രൊസസ്സ് ചെയ്യുക 5) ബില്ലുകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരു ശേഷം താഴെ ചിത്രങ്ങളില്‍ കാണിച്ച പോലെ ഇ-സബ്മിഷന് വേണ്ടി ബില്ലുകള്‍ നിര്‍മ്മിക്കാം. (Make bill from Pay Roll ന് ശേഷം ബില്ലുകള്‍ ട്രഷറി ഒബ്ജക്ട് ചെയ്യുന്നത് വരെ കാന്‍സല്‍ ചെയ്യാനാകില്ല എന്നോര്‍ക്കുക) ഒന്നിലധികം ബില്ലുകളുണ്ടെങ്കില്‍ യോജിച്ച Head of Account തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
6) ബില്ലുകള്‍ തെരഞ്ഞെടുത്ത് ഇ-സബ്മിറ്റ് ചെയ്യുക.
7) ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ സ്ഥിതി അറിയാന്‍
(ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ)

GPAIS Premium through SPARK

GPAIS Premium through SPARK

2013 നവംബര്‍ മാസത്തെ ശമ്പളബില്ലില്‍ ജി.പി.ഐ.എസ്.(ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് സ്കീം ) പ്രീമിയം തുക കൂടി അടക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നം.555/2013 (ഫിന്‍) തീയ്യതി. 13/11/2013 പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ ലഭ്യമാണ്. ഇക്കാര്യം സ്പാര്‍ക്ക് സൈറ്റ് എടുക്കുമ്പോഴും കാണാനാകും. ഈ പ്രീമിയം തുക സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്നത് എങ്ങനെ എന്ന് നോക്കാം.

പലരും ധരിച്ചിരിക്കുന്നതുപോലെ ഈ തുക അടവ് വരുത്തുന്നതിന് സ്പാര്‍ക്ക് അണ്‍ലോക്ക് ചെയ്യേണ്ടതില്ല. ലോഗിന്‍ ചെയ്ത് Salary Matters എന്ന മെനുവില്‍ Changes For this month എന്നതില്‍ Deductions -Add Deduction to All എന്ന സബ് മെനുവിലാണ് ചെയ്യേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന രീതിയില്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും.

Office ,DDO എന്നിവ സെലക്റ്റ് ചെയ്താല്‍ Recovery Item സെലക്റ്റ് ചെയ്യണം.GPAI Scheme(375) എന്നതാണ് സെലക്റ്റ് ചെയ്യേണ്ടത്. (375 എന്നത് റിക്കവറി ഐറ്റത്തിന്റെ കോഡാണ്. അല്ലാതെ റിക്കവറി സംഖ്യ അല്ല. സാധാരണയായി അത് Rs.300/- ആണ്.(എല്ലാവര്‍ക്കും അല്ല. വിശദവിവരങ്ങള്‍ക്ക് ഉത്തരവ് വായിക്കുക).

തുടര്‍ന്ന് Select an option എന്നിടത്ത് Billwise എന്നും Designation wise എന്നും കാണാം. സാധാരണയായി Billwise കൊടുത്താല്‍ മതി. തുടര്‍ന്ന് റിക്കവറി എമൗണ്ട് 300 എന്നും From Date -01/11/2013 ഉം To Date -30/11/2013 ഉം കൊടുക്കുക.Proceed ചെയ്താല്‍ ശമ്പളത്തില്‍ ഈ മാസം മാത്രം 300 രൂപ (എല്ലാവരുടെയും ) പിടിച്ച് ഷെഡ്യൂള്‍ വരും.
ഉണ്ണികൃഷ്ണന്‍ സാറിന്റെ ഇ മെയില്‍ വിലാസം : unni9111 at gmail dot com

SSLC Candidates' data editing

SSLC Candidates' data editing

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പങ്കെടുക്കുന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ വഴി ശേഖരിച്ചത് പരീക്ഷാ ഭവന്റെ വെബ്‌സെര്‍വറില്‍ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതാണെന്നു കാണിച്ചുള്ള പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. നല്‍കിയിരിക്കുന്ന ലിസ്റ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും വിവരങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്നതിനും, നീക്കം ചെയ്യുന്നതിനും ഉള്ള അവസരം ഒരിക്കല്‍ക്കൂടി നല്‍കുകയാണെന്നും അതുകൊണ്ടു തന്നെ എല്ലാ ഹെഡ്മാസ്റ്റര്‍മാരും താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി പാലിക്കേണ്ടതാണെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സര്‍ക്കുലറിലെ വിവരങ്ങളും ഡാറ്റാ എഡിറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയറിന്റെ ലിങ്കും ചുവടെ നല്‍കിയിരിക്കുന്നു.
  1. 20-11-2013 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നും Link Click ചെയ്‌തോ, www.bpekerala/sslc-2014 എന്ന URL നല്‍കിയോ ഓരോ സ്‌ക്കൂളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളുടെയും വിവരം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ്. പേരിലോ, മറ്റ് വിവരങ്ങളിലോ ആവര്‍ത്തനമോ വിട്ടു പോകലോ വന്നിട്ടുണ്ടെങ്കില്‍ ആ മാറ്റം വരുത്താവുന്നതും ഫോട്ടോ അപ് ലോഡ് ചെയ്തതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതും വിട്ടുപോയ കുട്ടികളെ ചേര്‍ക്കാവുന്നതും നീക്കം ചെയ്യാവുന്നതുമാണ്.
  2. ഇനി മുതല്‍ പരീക്ഷാഭവന്റെ സൈറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ സമ്പൂര്‍ണയില്‍ പ്രതിഫലിക്കാത്തതിനാല്‍, TC നല്‍കല്‍ മുതലായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്പൂര്‍ണയിലും പ്രസ്തുത മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.
  3. 2-12-2013 മുതല്‍ `A' List ന്റെ മാതൃകയില്‍ (രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കാതെ) കുട്ടികളുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരിശോധിക്കാവുന്നതും ആവശ്യമെങ്കില്‍ വീണ്ടും മാറ്റം വരുത്താവുന്നതുമാണ്.
  4. ഓരോ ഹെഡ്മാസ്റ്ററും 13-12-2013 ന് മുമ്പായി `A' List വിവരം confirm ചെയ്ത് Lock ചെയ്യേണ്ടതാണ്.
  5. 16-12-2013 മുതല്‍ രജിസ്റ്റര്‍ നമ്പരോട് കൂടിയ `A' List download ചെയ്യേണ്ടതും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്തുന്നതിന് വേണ്ടി, School Code, Contact Number of HM, Register Number of Candidate എന്നിവ pareekshabhavan.itcell@gmail.com എന്ന ID യിലേക്ക് mail ചെയ്യേണ്ടതുമാണ്. ഇപ്രകാരം ലഭിക്കുന്ന e-mail ന്‍ മേല്‍ 1 ദിവസത്തേക്ക് മാത്രം ആ കുട്ടിയുടെ വിവരം Unlock ചെയ്യുന്നതാണ്. അതാത് ഹെഡ്മാസ്റ്റര്‍മാര്‍ ആ മാറ്റം വരുത്തി വീണ്ടും `Confirm' ചെയ്ത് lock ചെയ്യേണ്ടതുമാണ്.
  6. എല്ലാവിധ തിരുത്തലുകളും ഇപ്രകാരം 20-12-2013 ന് മുമ്പായി വരുത്തേണ്ടതാണ്. ഈ തീയതിക്ക് ശേഷം യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. ഇതിനു ശേഷവും സ്‌ക്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ നിന്നും വ്യത്യസ്തമായി തിരുത്തല്‍ വേണ്ടി വന്നാല്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഹെഡ്മാസ്റ്ററും തുല്യ ഉത്തരവാദികളായിരിക്കുന്നതാണ്.
  7. 3-12-2013 ന് 4 മണിക്ക് മുമ്പായി `A' List ന്റെ Printout എടുത്ത് അതില്‍ 'എല്ലാ വിവരങ്ങളും Admission Register' പ്രകാരം ഒത്തു നോക്കി രിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ' എന്ന സാക്ഷ്യപത്രം എഴുതി ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് അതാത് DEO യില്‍ ഏല്‍പ്പിക്കേണ്ടതാണ്.
ഇതേക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ നല്‍കിയിരിക്കുന്നു. ഡാറ്റാ എഡിറ്റിങ്ങുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇവിടെ നടത്താം.

Easy Tax : An income tax estimator in Windows Excel

Easy Tax : An income tax estimator in Windows Excel

2013 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച് 2014 മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സായാഹ്നവേളയിലാണല്ലോ നമ്മളിപ്പോള്‍. അല്‍പ്പം വിരസമായി തോന്നാമെങ്കിലും, വരുമാന നികുതി സംബന്ധമായ ചടങ്ങുകള്‍ യഥാസമയം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പലപ്പോഴും ഇവന്‍ നമുക്ക് ‘കാളരാത്രികള്‍’ സമ്മാനിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. അല്‍പ്പം നീണ്ടു പോയെങ്കിലും ഈ സമയത്തെങ്കിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് നടപ്പ് വര്‍ഷത്തിലെ നമ്മുടെ മൊത്തം നികുതിവിധേയമായ വരുമാനം എത്രയെന്നത്. കാരണം അതിന്റെ അടിസ്ഥാനത്തിലാണല്ലോ നമ്മള്‍ മാസം തോറും വേതനത്തില്‍ന്നും പിടിക്കേണ്ട നികുതി (TDS) തീരുമാനിക്കേണ്ടത്.

(ചോദ്യം) : ഈ വര്‍ഷത്തെ നികുതി ഇപ്പോഴേ ഗണിച്ചെടുക്കണോ ? ഫെബ്രുവരിയില്‍ പോരെ?
(ഉത്തരം) : നികുതി മാസങ്ങള്‍ക്കുമുന്‍പേ ഏപ്രിലില്‍ തന്നെ കണക്കാക്കണമായിരുന്നു. അത് ചെയ്തിട്ടില്ലെങ്കില്‍ നമ്മള്‍ 7 മാസം വൈകിയിരിക്കുന്നു. മുന്‍കൂറായി നികുതി കണ്ടില്ലെങ്കില്‍ എന്തുണ്ടാകുമെന്ന് പറയാം.
  1. ഒരു വര്‍ഷത്തെ നികുതി, അതിന്റെ അവസാന മാസമായ ഫെബ്രുവരി മാസത്തിലാണ് അടക്കേണ്ടതെന്നത് വലിയ തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ അതതു മാസത്തെ നികുതി അപ്പപ്പോള്‍ തന്നെ അടച്ചുപോകണം.
  2. മാസാമാസങ്ങളില്‍ നികുതി അടച്ചില്ലെങ്കിലും അടച്ച തുകയില്‍ കാര്യമായ കുറവുണ്ടെങ്കിലും പിഴ കൊടുക്കേണ്ടതായി വരാം.
  3. മാസം തോറും നികുതി പിടിച്ചതിനുശേഷമുള്ള ശമ്പളമേ ശമ്പളദാദാവ് വിതരണം ചെയ്യാവൂ, അതുകൊണ്ട് ഇത് മേലധികാരിയുടെ കൂടെ ഗൗരവമേറിയ ഉത്തരവാദിത്വമാണ്.
  4. മേലധികാരി (DDO) ഓരോ ജീവനക്കാരുടെയും മാസം തോറും പിടിക്കേണ്ട നികുതി കണക്കാക്കാന്‍ അവരില്‍നിന്നും estimated Income tax statement ആവശ്യപ്പെടാം.
  5. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇതിനകം ചെയ്യാതിരുന്നിട്ടുണ്ടെങ്കില്‍ ഇനിയും വയ്കാതിരിക്കുന്നതാണ് യുക്തി.
  6. ഈ-ഫയലിംഗ് വ്യാപകമാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളിലെ വീഴ്ച പെട്ടന്ന്‍ കണ്ടെത്താന്‍ വരുമാന നികുതി വകുപ്പിന് കഴിയും.
വരും മാസങ്ങളിലെ വരുമാനത്തെ പൂര്‍ണ്ണമായും ഗണിച്ചെടുക്കാനുള്ള ചെപ്പടി വിദ്യയൊന്നും നമുക്ക് വശമില്ലെങ്കിലും ഏതാണ്ടൊക്കെ കൃത്യതയോടെ അത് കണ്ടെത്തി, നടത്തിയതും നടത്താനിരിക്കുന്നതുമായ ടാക്സ് സേവിംഗ് പദ്ധതികളും തീരുമാനിച്ച് ഉറപ്പിച്ച് വേണം TDS തുക കണ്ടെത്തേണ്ടത് . പലരും നേര്‍ച്ചപ്പെട്ടിയിലിടുന്നതു പോലെ ‘ചില്ലറ’ തുകകള്‍ വേതനത്തില്‍ന്നും നികുതിയായി പിടിച്ച് വരുന്നവരാകുമെങ്കിലും അത് ആവശ്യത്തിനു മതിയാവുന്നതല്ല എന്ന്‍ തിരിച്ചറിയുക. ഫെബ്രുവരി മാസത്തിലെ ‘ഒടുക്കത്തെ’ ബില്‍ എഴുതുമ്പോള്‍ ആയിരിക്കും ! മാര്‍ച്ച് മാസത്തില്‍ നിവേദ്യം പോലെ ലഭിക്കുന്ന ആ ശമ്പളത്തേക്കാള്‍ കൂടുതല്‍ നികുതി അങ്ങോട്ടടക്കേണ്ടിവരുന്ന ഹതഭാഗ്യവാന്മാരും ധാരാളമുണ്ട്. മാത്രവുമല്ല അത് ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്‌ താനും.

ശമ്പള വിഭാഗത്തില്‍പെടുന്ന (സാങ്കേതികമായി Income from Salary group ) അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വേറിട്ട്‌ നടപ്പുവര്‍ഷത്തില്‍ കാണാന്‍ കഴിയില്ല. ഈ വര്‍ഷം ആകെ കിട്ടുന്ന ഒരു ആശ്വാസം എന്ന് പറയാവുന്നത് 5 ലക്ഷത്തിനുമുകളില്‍ പോകാത്ത ‘നികുതിവിധേയ വരുമാനം’ (Taxable Income) ഉള്ളവര്‍ക്ക് നല്‍കിയിട്ടുള്ള Tax Credit എന്ന ഓമനപ്പേരിലുള്ള നികുതി ഇളവാണ്. ഇതു പ്രകാരം കഴിഞ്ഞ വര്‍ഷത്തേപ്പോലെ സാധാരണ രീതിയില്‍ നികുതി കണക്കാക്കിയ ശേഷം, Taxable Income ന്റെ 10% വരെ നികുതിയില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഈ ഇളവ് പരമാവധി 2000 രൂപ (സെസ് 3% അടക്കം 2060 രൂപ) മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് .

കഴിഞ്ഞ വര്‍ഷത്തെ നികുതി നിരക്കുമായി താരതമ്യം ചെയ്യാന്‍ ഒരു ഉദാഹരണമെടുക്കാം. ഒരു വ്യക്തിയുടെ Taxable Income 5 ലക്ഷത്തിനുമുകളില്‍ കയറിയിട്ടില്ലെന്നു കരുതുക, അവനു കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒരേ തുകയാണ് Taxable Income എങ്കില്‍ പുള്ളിക്കാരന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2060 രൂപ വരെ കുറവ് നികുതിയേ ഇത്തവണ നല്‍കേണ്ടിവരികയുള്ളൂ എന്ന്‍ കാണാം. എന്നാല്‍ ഈ ചങ്ങാതിയുടെ ഈ വര്‍ഷത്തെ ടാക്സബ്ള്‍ വരുമാനം 5 ലക്ഷം കയറിപ്പോയാല്‍ Tax Credit ഇളവിന്‍റെ ആനുകൂല്യം നഷ്ടപ്പെടുന്നതിനാല്‍ നികുതി കഴിഞ്ഞവര്‍ഷത്തെതിനു തുല്യമായിരിക്കും എന്ന്‍ സാരം.

നികുതി ഗണിച്ചെടുക്കുകയെന്ന അദ്ധ്വാനം ഒരു പരിധിവരെ പരിഹരിക്കാന്‍ ടാക്സ് എസ്റ്റിമേറ്റര്‍ സോഫ്റ്റ്‌വെയറുകളെകൊണ്ട് കഴിയും. EXCEL ഫോര്‍മാറ്റില്‍ പ്രവര്‍ത്തിക്കുന്ന അത്തരം ഒരു സംവിധാനമാണ് ECTAX -TAX ESTIMATOR. ഈ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  1. ഡൌണ്‍ലോഡ് ചെയാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണുന്ന വിന്‍ഡോയില്‍ നിന്നും എപ്പോഴും save എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം, അതായത് ആദ്യം ഫയല്‍ ഓപ്പണ്‍ ചെയ്ത് കണ്ട് പിന്നീട് save ചെയ്യാന്‍ ശ്രമിക്കരുത്.
  2. മലയാളത്തിലുള്ള സഹായി (help) നല്‍കിയിട്ടുണ്ട്.
  3. ഒരു കമ്പ്യൂട്ടറില്‍ ആദ്യമായി ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുമ്പോള്‍ തടസ്സം നേരിട്ട് “Macro Enable” ചെയ്യുക എന്ന രീതിയിലുള്ള നിര്‍ദ്ദേശം കണ്ടേക്കാം. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ EXCEL ന്റെ 2010/2007/1997-2003 പതിപ്പുകള്‍ക്ക് വ്യത്യസ്തമായതിനാല്‍ ഓരോ പതിപ്പിനനുസരിച്ച് വേറെ വേറെ സഹായ നിര്‍ദ്ദേശങ്ങള്‍ മലയാളത്തില്‍ നല്‍കിയിട്ടുണ്ട്.
  4. ഇത് നികുതി തുക വര്‍ഷം തികയുന്നതിനുമുന്‍പ് ഊഹിച്ചെടുത്ത് മാസം തോറും പിടിക്കേണ്ട TDS തുക കാണുന്നത്തിനുള്ള സംവിധാനം മാത്രമാണ് അതുകൊണ്ടുതന്നെ ഫെബ്രുവരി മാസത്തില്‍ തയ്യാറാക്കേണ്ട Income tax statement നിര്‍മ്മിക്കാന്‍ ഇവന് ശേഷിയില്ലെന്ന്‍ ഓര്‍ക്കണം.
  5. ഈ വര്‍ഷത്തെ നികുതി നിരക്കുകള്‍ സോഫ്റ്റ്‌വെയര്‍നുള്ളില്‍ അവസാന പേജില്‍ “നികുതി കണക്കു കൂട്ടിയതെങ്ങിനെ” എന്ന ലിങ്കില്‍ നല്‍കിയിട്ടുണ്ട്.
  6. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ Open Office ല്‍ ഇതിനു പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന വലിയ പരിമിതി ഉണ്ടെന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു, തല കുനിക്കുന്നു.

Download ECTAX - TAX ESTIMATOR
(ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE എന്ന ഓപ്ഷന്‍ നല്‍കുക.)
സോഫ്റ്റ്​വെയറിലേക്ക് നല്‍കേണ്ട വിവരങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഈ ഫോം സഹായിച്ചേക്കും. spark ല്‍ income tax -> due drawn statement മെനു വഴിയും ശമ്പളത്തില്‍ നിന്നുള്ള വരവും കിഴിവുമെല്ലാം അറിയാന്‍ കഴിയും.

(കുറിപ്പ്: Taxable Income എന്ന് പറയുന്നത് മൊത്തം വരുമാനത്തില്‍ നിന്നും നിക്ഷേപങ്ങള്‍ക്കും മറ്റും ലഭിക്കുന്ന ഇളവുകള്‍ കുറച്ചതിന് ശേഷമുള്ള തുകയാണ്).

DATA LOCKING IN SPARK

DATA LOCKING IN SPARK

Aided school HMs നെ DDO മാരാക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ signature AEO/DEO ഓഫീസുകള്‍ക്ക് പ്രവര്‍ത്തന ക്ഷമമാക്കി നല്‍കുന്ന നടപടി സ്പാര്‍ക്ക് ആരംഭിച്ചു. ഇപ്പോള്‍ യു എസ് ബി ടോക്കണ്‍ കൂടി ഉപയോഗിച്ചുള്ള സ്പാര്‍ക്ക് ലോഗിന്‍ ആണ് നല്‍കിയിരിക്കുന്നത്. എല്ലാ Aided സ്കൂളുകളുടെയും സ്പാര്‍ക്ക് ഡാറ്റാ ലോക്ക് ചെയ്ത ശേഷം മാത്രമേ സംവിധാനം പൂര്‍ണ രീതിയില്‍ പ്രാബല്യത്തില്‍ വരുത്താനാവൂ.. ലോക്ക് ചെയ്ത ജീവനക്കാരെ മാത്രമേ സ്പാര്‍ക്കില്‍ authenticate ചെയ്യാനുള്ള ലിസ്റ്റില്‍ ലഭ്യമാവുകയുള്ളൂ.. ആയതിനാല്‍ എല്ലാ Aided school ജീവനക്കാരുടെയും ഡാറ്റ verify ചെയ്ത ശേഷം പ്രധാനാദ്ധ്യാപകന്‍ ലോക്ക് ചെയ്യേണ്ടതാണ്.

ഡാറ്റാ ലോക്കിങ്ങിനെക്കുറിച്ച്
മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്

സ്പാര്‍ക്കുമായി ബന്ധപ്പെട്ട് നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളെല്ലാം നമ്മുടെ വായനക്കാര്‍ക്ക് ഏറെ ഉപകാരപ്പെട്ടുവെന്ന് അറിയിക്കുകയുണ്ടായി. അത്തരത്തില്‍ പ്രാധാന്യമേറിയ ഒരു പോസ്റ്റാണ് ഇതും. ഫെബ്രുവരി 28 നുള്ളില്‍ എല്ലാ സ്ഥാപനമേലധികാരികളും ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് എന്നിവയടക്കമുള്ള സകല വിവരങ്ങളും ചേര്‍ത്ത് സ്പാര്‍ക്കിലെ എല്ലാ ഫീല്‍ഡുകളും അപ്ഡേറ്റ് ചെയ്യണമെന്നും അവ വെരിഫൈ ചെയ്ത് ലോക്ക് ചെയ്യണമെന്നുമുള്ള സര്‍ക്കുലര്‍ മാത്‌സ് ബ്ലോഗിന്റെ സന്ദര്‍ശകര്‍ ഡൗണ്‍ലോഡ്സ് പേജിലെ 10-02-2013 എന്ന തീയതില്‍ നല്‍കിയിരുന്നത് കണ്ടിരിക്കുമല്ലോ. ഇതേ വരെ സ്പാര്‍ക്ക് ഡാറ്റ ലോക്കു ചെയ്യാത്ത ഓഫീസുകളില്‍ നിന്നും 1-3-2013 മുതല്‍ ശമ്പളബില്ലുകള്‍ പാസാക്കാന്‍ വരുന്നവരോട്, മാര്‍ച്ച് മാസത്തെ ശമ്പളബില്ലിനോടൊപ്പം എല്ലാ വിവരങ്ങളും കണ്‍ഫേം ചെയ്ത് ലോക്കു ചെയ്യാമെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നു സമ്മതിച്ചു കൊണ്ടുള്ള സാക്ഷ്യപത്രം വാങ്ങണമെന്നുള്ള നിര്‍ദ്ദേശവുമായി ട്രഷറി ഡയറക്ടറുടെ സര്‍ക്കുലറും ധനകാര്യവകുപ്പിന്റെ സര്‍ക്കുലറും ഇറങ്ങിക്കഴിഞ്ഞു. അതായത് ഇനിയാരെങ്കിലും തങ്ങളുടെ സ്ഥാപനത്തിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ സമയപരിധി അവസാനിച്ചെങ്കിലും ഒട്ടും സമയം പാഴാക്കാതെ അടിയന്തിരമായി ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ചുരുക്കം. അവര്‍ക്ക് വേണ്ടിയാണ് കോഴിക്കോട് ഗവ.ലോ കോളേജിലെ മുഹമ്മദ് സാര്‍ ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മാത്​സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. സ്പാര്‍ക്കിലെ പ്രശ്നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്നു കേരളത്തിലുള്ളതില്‍ വെച്ച് ഏറ്റവും മിടുക്കന്മാരിലൊരാളാണ് അദ്ദേഹം. സര്‍വ്വീസ്, പേ റോള്‍ സംബന്ധമായ വിവരങ്ങള്‍ തെറ്റ് കൂടാതെ സ്പാര്‍ക്കില്‍ ചേര്‍ത്ത ശേഷം ഡാറ്റ ലോക്ക് ചെയ്യുന്നതെങ്ങിനെയെന്ന് ചുവടെ ലഘുവായി അദ്ദേഹം വിവരിക്കുന്നു. സംശയങ്ങള്‍ കമന്റായി ചോദിക്കാം.

Step 1: മാര്‍ച്ച് മാസത്തില്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ എസ്റ്റാബ്ലിഷ്മെന്റ് യൂസര്‍ ആയി ലോഗിന്‍ ചെയ്യുന്ന ആര്‍ക്കും ആരെ വേണമെങ്കിലും കണ്‍ട്രോളിങ്ങ് ഒാഫീസര്‍ ആയി സെറ്റ് ചെയ്യാമായിരുന്നു. പിന്നീട് ഇതില്‍ മാറ്റം വന്നു. ഇപ്പോള്‍ എയിഡഡ് സ്കൂളുകള്‍ക്ക് ഡാറ്റ അണ്‍ലോക്ക് ചെയ്യുന്നതിന് എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുമായി ബന്ധപ്പെടണം.

Step 2:Step 2: ഇത് വരെ ശരിയായ കണ്ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍, Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Enter Details of New Head of Office ന് താഴെ Head of Office നെ സെലക്ട് ചെയ്ത് Confirm ചെയ്യുക.

Step 3: Administration- Lock Employee Record വഴിയാണ് ഡാറ്റ ലോക്ക് ചെയ്യുന്നത്. ഇത് തെരഞ്ഞെടുക്കുമ്പോള്‍ Lock Employee Record എന്ന തലവാചകത്തോടെ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഡാറ്റാ ലോക്കിങ്ങ് ആരംഭിക്കുന്നതിന് മുമ്പ്, ലോക്ക് ചെയ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവനും ചേര്‍ത്ത് ശരിയാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം. ഏതെല്ലാം വിവരങ്ങളാണ് പരിശോധിക്കേണ്ടതെന്ന് മനസ്സിലാക്കുന്നതിനും അവ പടിപടിയായി ചേര്‍ത്ത് പരിശോധിച്ചുറപ്പ് വരുത്തുന്നതിന് സഹായകരമാകുന്നതിനും വേണ്ടിയാണ് ഈ മെനു ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മറിച്ച് ഇപ്പോള്‍ ഡാറ്റ ലോക്ക് ചെയ്യാന്‍ തുടങ്ങരുത്. ഈ വിന്‍ഡോയുടെ ഒരു പ്രിന്റ് എടുക്കുകയോ അതല്ലെങ്കില്‍ Details എന്ന കോളത്തിലെ ഇനങ്ങള്‍ കടലാസില്‍ കുറിച്ചെടുക്കുകയോ ചെയ്യുക. പിന്നീട് ഈ മെനുവില്‍ നിന്ന് പുറത്ത് കടന്ന് ഓരോ ഫീല്‍ഡിലെയും വിവരങ്ങള്‍ പൂര്‍ണ്ണമായി ചേര്‍ത്തിട്ടുണ്ടെന്നും അവ ശരിയാണെന്നും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ സര്‍വ്വീസ് ബുക്കിലും ഓഫീസില്‍ ലഭ്യമായ മറ്റ് ആധികാരിക രേഖകളിലുമുള്ള വിവരങ്ങള്‍ മാത്രമെ സ്പാര്‍ക്കിലും ചേര്‍ക്കാന്‍ പാടുള്ളൂ. ജീവനക്കാര്‍ വാചാ നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും ചേര്‍ക്കാ‍ന്‍ പാടില്ല എന്നോര്‍ക്കുക. അങ്ങിനെ ആധികാരികമായി ലഭ്യമല്ലാത്ത വിവരങ്ങള്‍ ഒഴിച്ചിടണം. സ്പാര്‍ക്കില്‍ ചേര്‍ക്കേണ്ട വിവരങ്ങളുടെ ലിസ്റ്റ് ജീവനക്കാര്‍ക്ക് നല്‍കി അവര്‍ എഴുതി നല്‍കുന്ന വിവരങ്ങളനുസരിച്ച് സ്പാര്‍ക്കില്‍ അപ്ഡേഷന്‍ നടത്താനും പാടില്ല. ഇത് ഓരോ ജീവനക്കാരന്റെയും സര്‍വ്വീസ് ബുക്ക് അയാള്‍ തന്നെ എഴുതിച്ചേര്‍ത്ത് പരിപാലിക്കുന്നതിന് തുല്യമാണെന്നോര്‍ക്കുക. സെല്‍ഫ് ഡ്രോയിങ്ങ് ഓഫീസര്‍മാരുടെ ഡാറ്റ ലോക്ക് ചെയ്യേണ്ടതില്ല.

Step 4: Personal Memoranda, Present Service Details & Contact Details: Administration- Edit Employee Record വഴി പ്രവേശിച്ച് ഇവ മൂന്നും അപ്ഡേറ്റ് ചെയ്യാം. ഇവിടെ ചേര്‍ക്കുന്ന Present Address, Permanent Address, Blood Group തുടങ്ങിയ വിവരങ്ങളാണ് ഐ.ഡി കാര്‍ഡിലും പ്രതിഫലിക്കുന്നത്. Blood Group ന് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം. ലഭ്യമല്ലെങ്കില്‍ ഒഴിച്ചിടണം. ഫോട്ടോ, ഒപ്പ് തുടങ്ങിയവ മാറ്റുന്നതിനും മറ്റും പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ Service Matters- Personal Details വഴിയും ഈ മെനുവില്‍ പ്രവേശിച്ച് കാര്യങ്ങള്‍ ശരിയാക്കിയെടുക്കാമെന്നോര്‍ക്കുക.

Step 5: Probation, Training, Awards, Performance Report, Quarters: ഇവയെല്ലാം Service Matters, Personal Details ലെ Employees Details ന് താഴെയുള്ള വിവിധ മെനു തെരഞ്ഞെടുത്ത് ലഭ്യമായവ അപ്ഡേറ്റ് ചെയ്യാം.

Step 6: Service History: മേല്‍ പറഞ്ഞ രീതിയില്‍ ഇവിടെയും പ്രവേശിക്കാം. പക്ഷെ ഒഴിച്ചിടാനാകില്ല. സര്‍വ്വീസ് രജിസ്റ്റര്‍ പ്രകാരം അതാത് കാലത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ തുടര്‍ച്ചയോടെയും തെറ്റ് കൂടാതെയും ചേര്‍ത്തിരിക്കണം.

Step 7: Recruitment, Family Details, Qualifying Service, Disciplinary Action: സര്‍വ്വീസ് ബുക്കില്‍ ലഭ്യമാണെങ്കില്‍ ചേര്‍ക്കാം. അല്ലാത്തവ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യണം.

Step 8: Leave Availed: സര്‍വ്വീസ് ബുക്കിലെ EL, HPL Accounts എടുത്ത് അതാത് കാലങ്ങളില്‍ എടുത്ത ലീവ് തുടക്കം മുതല്‍ മുഴുവനും ചേര്‍ത്തിരിക്കണം. ഡാറ്റാ ലോക്കിങ്ങില്‍ സ്പാര്‍ക്കിലെ Leave Account ന്റെ കാര്യം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലീവ് അക്കൌണ്ട് ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാതെ Leave Availed ചേര്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ടാകാം. അതിനാല്‍ Leave Availed ല്‍ പ്രവേശിക്കുന്നതിന് മുമ്പ് Leave Account അപ്ഡേറ്റ് ചെയ്യുന്നതിന് Service Matters- Leave- Leave Account വഴി പ്രവേശിക്കണം. EL തെരഞ്ഞെടുക്കുക. നിലവില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ Delete All നല്‍കി ക്ലിയര്‍ ചെയ്ത ശേഷം Enter Opening Balance തെരഞ്ഞെടുത്ത ശേഷം സര്‍വ്വീസ് രജിസ്റ്ററിലെ Earned Leave Account പേജിലെ ആദ്യ ലീവ് എന്‍‌ട്രിയുടെ To Date സ്പാര്‍ക്കിലെ As on Date ആയും അതിന് നേരെ രജിസ്റ്ററിലെ നാലാം കോളത്തിലെ ലീവ് സ്പാര്‍ക്കില്‍ No. of Days ആയും നല്‍കി Proceed കൊടുക്കണം. തുടര്‍ന്ന് Enter Opening Balance on subsequent date ഉപയോഗിച്ച് സര്‍വ്വീസ് ബുക്കിലെ നാലാം കോളത്തിലെ ലീവ് മുഴുവനും അപ്ഡേറ്റ് ചെയ്യാം. ഇതെ രീതിയില്‍ തന്നെ HPL Account ഉം അപ്ഡേറ്റ് ചെയ്യാം. ഇനിയും Leave Availed അപ്ഡേറ്റ് ചെയ്യുന്നതിന് പ്രയാസമുണ്ടാകില്ല.

Step 9: Present Salary: Salary Matters- Changes in the month- Present Salary: പ്രധാനപ്പെട്ടതാണെങ്കിലും ശംബള ബില്‍ എടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. പക്ഷെ, Deductions ലെ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശിധിക്കേണ്ടതാണ്. അങ്ങിനെയാണെങ്കില്‍ Salary Matters- Changes in the month- Deductions ഉപയോഗിക്കുന്നതാകും എളുപ്പം.

Step 10: Deputation, Qualification, Dep. Tests, Regularisation, Nominees: Step 5 ല്‍ ചെയ്ത പ്രകാരം അപ്ഡേറ്റ് ചെയ്യാം.

Step 11: Leave Surrender: Step 5 ലെ Employees Details വഴി മുന്‍‌കാല സറണ്ടറുകള്‍ ചേര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ചേര്‍ക്കാം. പക്ഷെ എല്ലാം ചേര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇത് നിര്‍ബന്ധമാണെന്ന് പറയുന്നതില്‍ യുക്തിയില്ല എന്നാണ് തോന്നുന്നത്. Benefit Details, Loan Details എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണ്ടതില്ലായെന്ന് തോന്നുന്നു.

Step 12: ഇപ്പോള്‍ Step 3 ല്‍ വിവരിച്ച പ്രകാരം Lock Employee Record ല്‍ പ്രവേശിച്ച് ഓരോന്നായോ ഒന്നിച്ചോ ഡാറ്റാ ലോക്കിങ്ങ് നടത്താം.
ഇത്രയും ചെയ്താല്‍ തല്‍ക്കാലം സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നമ്മുടെ ജോലി അവസാനിച്ചു.

സ്പാര്‍ക്ക് നിരന്തരം അപ്ഡേറ്റ് ചെയ്തിരിക്കുന്ന ഒരു പോര്‍ട്ടലാണ്. ഇതേക്കുറിച്ച് മുഹമ്മദ് സാര്‍ എഴുതിയ ലേഖനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.